മലയാള കവിതയിലും വിജ്ഞാനസാഹിത്യത്തിലും അമൂല്യമായ സംഭാവനകളര്‍പ്പിച്ച എന്‍.വി.യുടെ പ്രസിദ്ധീകരിച്ചതും അപ്രകാശിതവുമായ എല്ലാ കൃതികളുടേയും ഡിജിറ്റല്‍ സമാഹാരമാണ് ഈ ആര്‍ക്കൈവ്. എട്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ലേഖനസമാഹാരങ്ങള്‍, സമ്പൂര്‍ണ്ണ കവിതാസമാഹാരം, നാടകങ്ങള്‍, ദ്രാവിഡവൃത്തങ്ങളെക്കുറിച്ചുള്ള തീസിസ്, യാത്രാവിവരണങ്ങള്‍ എന്നിവക്കു പുറമെ, എന്‍.വി.യെ കുറിച്ചെഴുതിയിട്ടുള്ള ജീവചരിത്രവും എന്‍.വി. സാഹിത്യത്തെ വിലയിരുത്തുന്ന കൃതികളും ഇതിലുള്‍പ്പെടുന്നു. എന്‍.വി.യെകുറിച്ചുള്ള പത്രവാര്‍ത്തകളും അദ്ദേഹം റഫറന്‍സിനായി എഴുതിയെടുത്ത റീഡിംഗ് നോട്ടുകളും ഡയറിക്കുറിപ്പുകളും ഇതിലുണ്ട്. എന്‍.വി. എഴുതിയിട്ടുള്ള അവതാരികളും സുഹൃത്തുക്കള്‍ക്കെഴുതിയ കത്തുകളും ഫോട്ടോകളും ഇതിന്റെ ഭാഗമാണ്. റെക്കോര്‍ഡ് ചെയ്തിട്ടുള്ള ആഡിയോ-വീഡിയോകള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു കൃതിയുടെ വിവിധഘട്ടങ്ങള്‍ (കയ്യെഴുത്തുപ്രതി, ആദ്യമായി അച്ചടിച്ച ആഴ്ചപ്പതിപ്പിലെ പേജ്, പിന്നീട് പുസ്തകമായി പ്രകാശനംചെയ്തപ്പോഴുള്ള ടെക്സ്റ്റ്, അവസാനം സമ്പൂര്‍ണ്ണ സമാഹാരത്തിലേത്) പ്രതിഫലിക്കുന്ന തരത്തിലായിരിക്കും ഉള്ളടക്കത്തിന്റെ ക്രമീകരണം. വിഷയാടിസ്ഥാനത്തില്‍ അന്വേഷിച്ചു കണ്ടെത്താന്‍ പര്യാപ്തമാണ് ഇതിന്റെ ഘടന. സമാനസ്വഭാവമുള്ള കൃതികള്‍ (കവിത, നാടകം, ലേഖനങ്ങള്‍…) വര്‍ഗ്ഗീകരിച്ച് ഒരുമിച്ചാക്കുകയും ചെയ്തിരിക്കുന്നു.
എന്‍.വി. കൃഷ്ണവാരിയര്‍ ട്രസ്റ്റ് വിഭാവനംചെയ്ത പ്രൊജക്ടിന്റെ മേല്‍നോട്ടം സെന്റര്‍ ഫോര്‍ സൗത്ത് ഇന്‍ഡ്യന്‍ സ്റ്റഡീസ് നിര്‍വ്വഹിക്കുന്നു. എന്‍.വി.യുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും പരിശ്രമഫലമായി ആധുനിക വിവരസാങ്കേതികതയുപയോഗപ്പെടുത്തി മലയാളത്തില്‍ രൂപംകൊള്ളുന്ന അനന്യമായ ഈ ശേഖരം സാഹിത്യത്തിലും രാഷ്ട്രീയവിചാരങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിലും ശാസ്ത്ര-സാങ്കേതികതയിലും അനവരതം വിഹരിച്ച എന്‍.വി. എന്ന പ്രതിഭാധനന് സമര്‍പ്പിക്കുന്ന ഏറ്റവും ഉചിതമായ സ്മാരകമായിരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. ലോകത്തിന്റെ ഏതു കോണിലിരുന്നും എന്‍.വി.യെ കണ്ടെത്താനും പഠിക്കാനും പര്യാപ്തമായ സമഗ്രമായ ഒരിടം എന്നതാണ് എന്‍.വി. ഡിജിറ്റല്‍ ആര്‍ക്കൈവിന്റെ ലക്ഷ്യം.